Mar 10, 2015

ചില ഇന്‍സ്റ്റലേഷനുകള്‍...........
ഇന്‍സ്റ്റലേഷന്‍ 1.
വേദി: നഗരത്തിലെ ഒരു മാള്‍

ഒരു നിഷാദന്‍,
ചവിട്ടുകയാണതി ക്രൂരമൊരു മര്‍ത്ത്യനെ,
അരുതരുതേയെന്നിരുകൈകള്‍ നീട്ടി
യാചിക്കുമ്പോഴും തുടരുന്നു മര്‍ദ്ദനം
ഇരയ്ക്കുചുറ്റിലുമുണ്ടിരുകാലുകള്‍
വെറും കാണികള്‍....
പക്ഷേ, കയ്യില്‍ ക്യാമറാമൊബൈലുണ്ടുകെട്ടോ..

ഇന്‍സ്റ്റലേഷന്‍ 2
വേദി: വേട്ടക്കാരന്റെ വസതി
പോര്‍ച്ചില്‍...
രണ്ട് ശകടങ്ങള്‍,
ഒന്ന് പഴയത്
ഒരു പച്ച ഇരുചക്രശകടം
ശകടത്തിലൊരു മനുഷ്യാസ്ഥികൂടം
ചങ്ങലയ്ക്കുളളില്‍ ശയിക്കുന്നു
മറ്റേതു പുതിയൊരു നാല്‍ചക്രശകടം
നിണമുണങ്ങികറപിടിച്ചിരിക്കുന്നു സീറ്റില്‍
ഹമ്മര്‍”എന്നത്രേ അതിന്നുപേര്
കണ്ടാലമറുന്നൊരു കാട്ടുപോത്തുപോലുണ്ടത്

ഇന്‍സ്റ്റലേഷന്‍ 3
വേദി: പോലീസ് സ്റ്റേഷന്‍

ഒരു വലിയ ചാക്കുകെട്ട്,
അതിന്‍പുറത്താലേഖനംചെയ്ത "റൂപേ” ചിഹ്നം
കാക്കിപ്പരുന്തുകള്‍ നിദ്രയിലാണത്രേ
നീഢത്തില്‍ നിദ്രയിലെന്നു നടിപ്പതല്ലേ?
ഇരുട്ടിന്റെ നിറമുളള രണ്ടു ഷൂസുകള്‍
ചക്ഷു:ശ്രവണന്റെ തോലിനാല്‍ നിര്‍മിതം
ചോരപുരണ്ടുകിടക്കുമാതൊണ്ടികള്‍
ഭദ്രമത്രേ നീതിപാലക നിലയത്തില്‍

ഇന്‍സ്റ്റലേഷന്‍ 4
വേദി: സമൂഹം

രൂപങ്ങള്‍ നാനതരമുണ്ട്
ഒന്നും തിരിച്ചറിയുന്നില്ല
ശൂന്യമാണവിടം
ആള്‍ക്കുട്ടമുണ്ടെങ്കിലും
ശുദ്ധശൂന്യം..ഇന്‍സ്റ്റലേഷന്‍ 5
വേദി: കോടതി

ഇതു കാഴ്ചയുടെ ഫിനാലെ
നീതിദേവത,
വലിയ വെളുത്തൊരു വിഗ്രഹമാണ, തിന്‍
കണ്ണുകള്‍ കറുത്ത ശീലയാല്‍ കവചിതം
എങ്കിലും തുലാസല്പം ചാഞ്ഞപോല്‍ തോന്നിടും
ഏറെ തുല്യമാം കാഴ്ചകള്‍ കണ്ടെനിക്കില്യൂഷനോ?


രഞ്ജിത്ത് കെ.വി. ഉദിനൂര്‍
ജി.വി.എച്ച്.എസ്സ്.എസ്സ്. പുതുക്കാട്
9447022506

Feb 2, 2015

ജനനം മരണം


ജനനം മരണം


തുടക്കം ഞടുക്കം

ഝടിതിയില്‍ മയക്കം

മടക്കം ഞടുക്കം

ഒടുക്കം തിടുക്കം

തെക്കിതില്‍ മടക്കംപാടതില്‍ ജീവിത

പാതയില്‍ കടുപ്പംകിഴക്കതില്‍ തുടക്കം

പാതിയില്‍ കടുപ്പം

എതിരതില്‍ മടക്കം

കടലതില്‍ ഒടുക്കം


രാജു കെ എന്‍ (HSST ബോട്ടണി)
GHSS ശിവന്‍കുന്ന്, മൂവാറ്റുപുഴ

Jan 22, 2015

'നിറകതിര്‍ 2015' (മലയാളം)          ആലപ്പുഴ ഡയറ്റ് പത്താംതരത്തില്‍ പഠിക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളില്‍ അത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ അദ്ധ്യാപക സഹായിയാണ് 'നിറകതിര്‍ 2015'. ആലപ്പുഴ ജില്ലയിലെ മികച്ച അദ്ധ്യാപകരും ഡയറ്റ് ഫാക്കല്‍ട്ടികളും പങ്കെടുത്ത ശില്പശാലയിലാണ് 'നിറകതിര്‍ 2015' രൂപപ്പെടുത്തിയത്. പത്താംതരത്തിലെ മലയാളം പാഠപുസ്തകത്തിലെ എല്ലാ അദ്ധ്യായങ്ങളും സമഗ്രമായി വിശകലനംചെയ്ത്, കുട്ടിയുടെ ആശയനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മൂല്യനിര്‍ണ്ണയാംശങ്ങള്‍, സ്കോറിംഗ് എന്നിവയും ചേര്‍ത്തിട്ടുണ്ട്. ഈ കൈപ്പുസ്തകം പ്രയോജനപ്പെടുത്തി എല്ലാവരും ഉയര്‍ന്ന വിജയയം കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം 'നിറകതിര്‍ 2015' (മലയാളം) നമുക്കായി ആലപ്പുഴ ഡയറ്റിന്റെ അനുമതിയോടെ അയച്ചുതന്ന മണിസാറിനുള്ള നന്ദിയും അറിയിക്കുന്നു.


Jan 11, 2015

മഴയോര്‍മ്മകള്‍ (കവിത)മഴയോര്‍മ്മകള്‍

ഓര്‍മ്മയിലൊരു മഴ....
പുതുമഴ...
പുതുമണ്ണിന്‍ ഗന്ധവും പേറി-
തുറന്നിട്ട ജാലകത്തിലൂടെന്‍-
കൗമാരസ്വപനങ്ങളെ
മഴനീര്‍ത്തുള്ളിയാല്‍ വിളിച്ചുണര്‍ത്തി,
ചുട്ടു പൊള്ളുന്നോരെന്‍ കവിള്‍ത്തടത്തിലും
നീര്‍വറ്റി വിണ്ടോരെന്‍ ഹൃത്തടത്തിലും
കുളിരായി.., പുതു സ്വപ്നമായി...
പെയ്തിറങ്ങുന്നു പഴയൊരോര്‍മ്മയായ്
മഴനീര്‍ത്തുള്ളികള്‍ തങ്ങിനില്‍പ്പോരാ മരച്ചില്ല -
കുലുക്കി നീയെന്നെ നനച്ചതോര്‍പ്പു ഞാന്‍.
ഒരു ചേമ്പിലക്കുടയിലന്നു നാം
നടന്നോരാ പാടവരമ്പുമിന്നോര്‍മ്മയായ്.
കണിക്കൊന്ന പൂത്തുലഞ്ഞു പിന്നെയും ,
കാലമാം വിഷുപ്പക്ഷി ചിലച്ചു പിന്നെയും...
കുളിരിളം തെന്നലും ഇലഞ്ഞിപ്പൂ സുഗന്ധവും -
ഓര്‍മ്മയിലൊരു മഴയായി... പുതുമഴയായി...
കണ്ണീര്‍ക്കണമായത് പെയ്തുതിരുന്നു...
പേരാറായ്... പെരിയാറായതൊഴുകുന്നു പിന്നെയും...
അലതല്ലിയുരുകുന്നു കടലായി ജീവിതം.

മൊയ്തീന്‍കുട്ടി പി
എച്ച് എസ് എ, മലയാളം
ജി എം ജി എച്ച് എസ് എസ്
കുന്നംകുളം

Dec 8, 2014

രണ്ടാം ടേം പരീക്ഷ മുന്‍വര്‍ഷ ചോദ്യക്കടലാസ്

 


രണ്ടാം ടേം പരിക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിന് ഉതകുന്ന മുന്‍വര്‍ഷ ചോദ്യക്കടലാസുകള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.